Kerala
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാക്രമീകരണങ്ങളുടെ റിഹേഴ്സൽ ചൊവ്വാഴ്ച നടക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലാകും അവസാനഘട്ട ട്രയൽ നടത്തുക.
രാഷ്ട്രപതി യാത്ര ചെയ്യുന്ന ഗൂർഖാ വാഹനത്തിൽ നിശ്ചയിച്ചിട്ടുള്ള ആളുകളെ കയറ്റി പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും ഓടിച്ചുനോക്കും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പോലീസ് കഴിഞ്ഞദിവസം സുരക്ഷാപരിശോധന നടത്തിയിരുന്നു.
ജില്ലാ പോലീസ് മേധാവി ആനന്ദിന്റെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇന്ന് പമ്പയിലെത്തി വീണ്ടും സുരക്ഷ വിലയിരുത്തും. നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ചൊവ്വാഴ്ച കേരളത്തിലെത്തും.
വൈകുന്നേരം 6.20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി അന്ന് രാജ്ഭവനിൽ തങ്ങും. ബുധനാഴ്ച രാവിലെ 9.20ന് തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെട്ട് 10.20ന് നിലക്കൽ ഹെലിപാഡിലെത്തും.
റോഡു മാർഗം പമ്പയിലും തുടർന്ന് ശബരിമലയിലും എത്തും. 11.55 മുതൽ 12.25 വരെ രാഷ്ട്രപതി ശബരിമലയിലുണ്ടാകും. വൈകുന്നേരം 5.30ന് രാജ്ഭവനിൽ മടങ്ങിയെത്തും.
Kerala
കൊല്ലം: കാമുകനോട് പിണങ്ങി കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതി കായലിൽ ചാടി. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന യുവാവിനും യുവതിക്കും രക്ഷകനായി ജലഗതാഗത വകുപ്പിലെ ജീവനക്കാര്‍.
കൊല്ലം ആശ്രാമം ലിങ്ക് റോഡ് പാലത്തിന് സമീപമായിരുന്നു സംഭവം. കൊല്ലത്ത് ബാങ്ക് കോച്ചിംഗ് പഠിക്കുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 22കാരിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. പ്രദേശവാസിയായ രാജേഷാണ് യുവതി കായലിലേയ്ക്ക് ചാടുന്നത് ആദ്യം കാണുന്നത്.
ഈ സമയം രാജേഷിന്റെ സുഹൃത്ത് മുനീര്‍ അവിടേയ്ക്ക് എത്തി. യുവതി ചാടിയ കാര്യം രാജേഷ് പറഞ്ഞതോടെ മുനീര്‍ കായലിലേയ്ക്ക് എടുത്തുചാടി. യുവതിയുടെ മുടിയില്‍ പിടിച്ച് പാലത്തിന്റെ തൂണിലേയ്ക്ക് കയറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഈ സമയം ജലാഗതാഗത വകുപ്പിന്റെ ബോട്ട് അതുവഴി കടന്നുപോകുന്നുണ്ടായിരുന്നു. ബോട്ട് ജീവനക്കാരില്‍ ഒരാള്‍ കായലിലേയ്ക്ക് ചാടി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. കാമുകനുമായി പിണങ്ങിയതിനെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് യുവതി പോലീസിൽ മൊഴി നല്കി.
Kerala
കോഴിക്കോട്: കൂടരഞ്ഞി പെരുമ്പുളയിലെ കിണറ്റില്‍ അകപ്പെട്ട പുലിയെ പുറത്തെത്തിച്ചു. കൂടരഞ്ഞി സ്വദേശി കുര്യന്റെ കൃഷിസ്ഥലത്തെ ആള്‍മറയില്ലാത്ത പൊട്ടക്കിണറ്റില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് പുലി വീണത്.
തുടർന്ന് കിണറ്റിൽ സ്ഥാപിച്ച കൂട്ടില്‍ പുലി കയറുകയായിരുന്നു. പുലിയെ താമരശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി. പരിശോധനയ്ക്ക് ശേഷം ഉള്‍ക്കാട്ടിലേക്ക് തുറന്നുവിടുമെന്നും പുലി പൂര്‍ണ ആരോഗ്യവാനാണെന്നും വനംവകുപ്പ് അറിയിച്ചു.
രക്ഷാപ്രവർത്തനത്തിന് താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസ് അധികൃതരും ഫയര്‍ഫോഴ്സും നേതൃത്വം നൽകി.
Sports
പെർത്ത്: ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. രണ്ട് സ്പിന്നര്‍മാരും മൂന്ന് പേസര്‍മാരും ഒരു പേസ് ബൗളിംഗ് ഓൾ റൗണ്ടറുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
ഓള് റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിച്ചു. ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുശേഷം വിരാട് കോഹ്ലിയും രോഹിത് ശര്‍മയും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് ഈ മത്സരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം.
ടീം ഇന്ത്യ : രോഹിത് ശർമ, ശുഭമാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ (വിക്കറ്റ് കീപ്പർ), അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്.
ഓസ്ട്രേലിയ: ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ് (ക്യാപ്റ്റൻ), മാത്യു ഷോർട്ട്, ജോഷ് ഫിലിപ്പെ (വിക്കറ്റ് കീപ്പർ), മാറ്റ് റെൻഷോ, കൂപ്പർ കനോലി, മിച്ചൽ ഓവൻ, മിച്ചൽ സ്റ്റാർക്ക്, നാഥൻ എലിസ്, മാത്യു കുനമൻ, ജോഷ് ഹേസൽവുഡ്.
Kerala
ആലപ്പുഴ: വിവാദങ്ങൾക്കിടെ ജി.സുധാകരൻ സിപിഎം വേദിയിലേക്ക്. ഇന്ന് കുട്ടനാട്ടിൽ നടക്കുന്ന വി.എസ്.അച്യുതാനന്ദൻ സ്മാരക പുരസ്കാര സമര്‍പ്പണത്തിലാണ് അദ്ദേഹം പങ്കെടുക്കുക.
വർഷങ്ങൾക്ക് ശേഷമാണ് സുധാകരനെ പാർട്ടി പരിപാടിയിലേക്ക് ആലപ്പുഴയിലെ നേതൃത്വം ക്ഷണിക്കുന്നത്. പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പരിപാടിയിൽ പങ്കെടുക്കും.
നേതൃത്വവുമായി പരസ്യ പോരിലേക്ക് കടന്ന ജി.സുധാകരനെ കഴിഞ്ഞ ദിവസം വീട്ടിൽ എത്തി നേതാക്കൾ അനുനയിപ്പിക്കുകയായിരുന്നു. കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാതയും ജില്ലാ സെക്രട്ടറി ആർ. നാസറും നേരിട്ടെത്തിയായിരുന്നു പരിപാടിക്ക് ക്ഷണിച്ചത്.
ക്ഷണം സ്വീകരിച്ചെന്നും പരിപാടിയിൽ പങ്കെടുക്കുമെന്നും ജി സുധാകരൻ പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി ജി.സുധാകരൻ രംഗത്തെത്തിയിരുന്നു.
Kerala
ഇടുക്കി: ശനിയാഴ്ച രാത്രിയിൽ പെയ്ത കനത്ത മഴയിൽ ഇടുക്കി ജില്ലയിലെ മലയോര പ്രദേശങ്ങളിൽ വ്യാപക നാശം. കുമളി ഒന്നാം മൈൽ ഭാഗത്തെ കടകളിലും വീടുകളിലും വെള്ളം കയറി.
ഒന്നാം മൈൽ, വലിയകണ്ടം, മഹിമ റോഡ് തുടങ്ങിയ ഭാഗത്തെ പല വീടുകളിലും വെള്ളം കയറി. കുമളി ടൗണിലെ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കുമളി ചെളിമടയ്ക്ക് സമീപം കെ.കെ.റോഡിൽ മരം കടപുഴയ്ക്ക് വീണ് ഗതാഗതം തടസപ്പെട്ടു.
അതേസമയം മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ വയോധികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പനിയെ തുടർന്ന് കഴിഞ്ഞ ദിവസം പോത്തന്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് എസ്യുടി ആശുപത്രിയി ലേക്കു മാറ്റി.
പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ വീട്ടിലെ കിണറ്റിലെ വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യവകുപ്പ് പരിശോധിക്കും. ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ആറു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Kerala
കൊല്ലം: തെന്മല രാജാക്കൂപ്പില്‍ അതിക്രമിച്ച് കയറി കാട്ടിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ വനംവകുപ്പ് അധികൃതർ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വഴിതെറ്റിയ ഇവർ പോലീസ് കണ്ട്രോള് റൂമില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചു.
തുടർന്ന് പോലീസ് ആര്യങ്കാവ് റേഞ്ച് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യുവാക്കളെ ഫോണിലൂടെ ബന്ധപ്പെട്ട് ലൊക്കേഷന്‍ അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് പിന്തുടര്ന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ വൈകുന്നേരത്തോടെ ഇവരെ പുറത്തെത്തിക്കുകയായിരുന്നു.
അനധികൃതമായി വനമേഖലയില്‍ പ്രവേശിച്ചതിന് ഇവര്‍ക്കെതിരെ കേസ് എടുക്കാതെ അധികൃതർ ഇമ്പോസിഷന്‍ ശിക്ഷയായി നല്കി. നിരവധി വന്യമൃഗങ്ങളുള്ള വനമേഖലയായ രാജാക്കൂപ്പിലേക്ക് കയറരുതെന്ന് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇത് അവഗണിച്ചാണ് ഇവിടേക്ക് ആളുകള്‍ എത്തുന്നത്. യൂട്യൂബ് വീഡിയോ കണ്ടാണ് തങ്ങൾ ഇവിടെ എത്തിയതെന്ന് ഇവർ മൊഴി നൽകി. യൂട്യൂബ് ചാനലിനെതിരെ കേസെടുക്കുന്നത് ആലോചിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
Sports
മഡ്ഗാവ്: എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. സിംഗപ്പുരിനെതിരായ നിര്‍ണായകമായ ഹോം മത്സരത്തില്‍ ലീഡെടുത്ത ശേഷം ഇന്ത്യ 2-1 തോൽവി വഴങ്ങുകയായിരുന്നു.
തോൽവിയോടെ ഇന്ത്യ അടുത്ത വർഷത്തെ ഏഷ്യൻ കപ്പിനു യോഗ്യത നേടാതെ പുറത്തായി. ഫറ്റോര്‍ഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സോംഗ് യുയി യങ്ങാണ് (44, 56) സിംഗപ്പൂരിനായി ഗോളുകൾ നേടിയത്. ലാലിയൻസുവാല ഛാംഗ്തെയാണ് (14) ഇന്ത്യയ്ക്കായി ഗോൾ നേടിയത്.
മത്സരം തുടങ്ങി 14-ാം മിനിറ്റിൽ തന്നെ ചാംഗ്തെയിലൂടെ ഇന്ത്യ മുന്നിലെത്തി. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ സോംഗ് യുയി യങ്ങിലൂടെ സിംഗപ്പൂർ ഒപ്പമെത്തി. പിന്നാലെ 58-ാം മിനിറ്റിൽ യങ്ങിലൂടെ സിംഗപ്പൂർ ലീഡെടുത്തതോടെ ഇന്ത്യ ഞെട്ടി.
സമനില ഗോളിനായി മാറ്റങ്ങൾ വരുത്തി ഇന്ത്യ പൊരുതിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. ഗ്രൂപ്പ് സിയിൽ നാല് മത്സരങ്ങൾ കളിച്ച ഇന്ത്യയ്ക്ക് രണ്ട് സമനിലയും രണ്ട് തോൽവിയുമാണുള്ളത്.
Kerala
തിരുവനന്തപുരം: തുലാവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ്.
വ്യാഴാഴ്ച തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തുലാവർഷത്തിനുള്ള അന്തരീക്ഷ ഘടകങ്ങൾ അനുകൂലമായതിനാൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ഇക്കുറി തുലാവർഷം തുടക്കത്തിൽ തന്നെ കനക്കാനാണ് സാധ്യത.
Kerala
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന്റെ നൂറിലേറെ സൈനികർ കൊല്ലപ്പെട്ടന്ന് ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (സ്ട്രാറ്റജി) ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയിൽ സൈനിക മേധാവികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസാധാരണമായ മരണാനന്തര ബഹുമതികളുടെ എണ്ണത്തിൽ നിന്ന് പാക്കിസ്ഥാന്റെ നഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാണ്. മേയ് ഒമ്പതിനും 10നും ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനിലെ ഒന്നിലധികം വ്യോമതാവളങ്ങൾ ആക്രമിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു.
പാക്കിസ്ഥാൻ ഡ്രോണുകൾ നിരന്തരം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതിനെത്തുടർന്നാണ് പാക് വ്യോമതാവളങ്ങൾ ആക്രമിച്ചത്. പാക്കിസ്ഥാന്റെ 11 വ്യോമതാവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.
എട്ട് വ്യോമതാവളങ്ങൾ, മൂന്ന് ഹാംഗറുകൾ, നാല് റഡാറുകൾ എന്നിവ തകർത്തു. ഒരു സി-130 വിമാനം, ഒരു എഇഡബ്ല്യുസി വിമാനവും, അഞ്ച് യുദ്ധവിമാനങ്ങളും തകർത്തെന്നും അദ്ദേഹം പറഞ്ഞു.
Sports
വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെ തകർത്ത് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 233 റണ്‍സിന്റെ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റും മൂന്ന് പന്തും അവശേഷിക്കെ മറികടന്നു.
സ്കോര്‍: ബംഗ്ലാദേശ് 232/6, ദക്ഷിണാഫ്രിക്ക 235/7 (49.3). 62 റണ്‍സെടുത്ത കോളെ ട്രയോണിന്റെയും 56 റണ്‍സെടുത്ത മരിസാനെ കാപ്പിന്റെയും പോരാട്ടമാണ് ഒരു ഘട്ടത്തില്‍ 78-5ലേക്ക് വീണ് തോല്‍വി മുന്നില്‍ക്കണ്ട ദക്ഷിണാഫ്രിക്കയെ ജയത്തിലേക്ക് നയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുന്‍നിരയുടെ ബാറ്റിംഗ് കരുത്തിലാണ് 232 എന്ന ഭേദപ്പെട്ട സ്കോറിലെത്തിയത്. ഓപ്പണര്‍മാരായ ഫര്‍ഗാന ഹഖ് (30), റൂബിയ ഹൈദര്‍ (25), അര്‍മിന്‍ അക്തര്‍ (50), ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന (32), ഷോര്‍ണ അക്തര്‍ (51) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓൻകുലുലോകൊ ലാബ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ നാദിൻ ഡി. ക്ലെർക്ക്, ഷ്ളോയി ട്രയോൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.
കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ അവർ തോല്‍പ്പിച്ചിരുന്നു. ജയത്തോട ആറ് പോയിന്റുമായി പോയിന്റ് പട്ടികയില്‍ ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. നാല് കളികളില്‍ രണ്ട് പോയിന്റുള്ള ബംഗ്ലാദേശ് ആറാം സ്ഥാനത്താണ്.
International
സ്റ്റോക്കോം: 2025 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. ജോയല്‍ മോക്കിര്‍, ഫിലിപ്പ് ആഗിയോണ്‍, പീറ്റര്‍ ഹൊവിറ്റ് എന്നിവരാണ് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരത്തിന് അര്‍ഹരായത്.
പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും എങ്ങനെയാണ് സമ്പദ്വ്യവസ്ഥകളിൽ ദീർഘകാല വളർച്ചയ്ക്ക് ഇന്ധനമാകുന്നത് എന്നാണ് അവർ പഠിച്ചത്. ഈ വളർച്ച തുടരാൻ എന്തൊക്കെ സാഹചര്യങ്ങളാണ് വേണ്ടതെന്നും അവർ പരിശോധിച്ചു.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സമാധാനത്തിനുള്ള നൊബേല്‍ വെനസ്വേലയിലെ ജനാധിപത്യ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്കാണ് ലഭിച്ചത്. വെനസ്വേലയിലെ ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം ലഭിച്ചിട്ടുള്ളത്.
Sports
വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് മൂന്നു വിക്കറ്റ് ജയം. ഇന്ത്യയുയർത്തിയ 331 റൺസ് വിജയലക്ഷ്യം ഏഴു വിക്കറ്റ് നഷ്ടത്തിൽ ആറു പന്തുകൾ ബാക്കിനിൽക്കെ ഓസീസ് മറികടന്നു.
സ്കോർ: ഇന്ത്യ 330/10 (48.5) ഓസ്ട്രേലിയ 331/7 (49). 107 പന്തില്‍ 142 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അലീസ ഹീലിയാണ് ഓസീസിന്റെ വിജയശിൽപ്പി. എല്ലിസ് പെറി ( 47*), അഷ്ലി ഗാര്‍ഡ്നര്‍ ( 45), ഫോബ് ലിച്ച്ഫീല്‍ഡ് ( 40) എന്നിവരുടെ ഇന്നിംഗ്സുകളും നിര്‍ണായകമായി.
മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് ഓസീസിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഹീലി - ലിച്ച്ഫീല്‍ഡ് സഖ്യം 85 റണ്‍സ് ചേര്‍ത്തു. 15 ഓവറിൽ 100 ഉം 31 ഓവറിൽ 200 ഉം കടന്ന ഓസ്ട്രേലിയയെ വിറപ്പിക്കാൻ ഒരു ഘട്ടത്തിലും ഇന്ത്യയ്ക്കു സാധിച്ചില്ല.
ബെത് മൂണി (നാല്), അനബൈൽ സതർലൻഡ് (പൂജ്യം) എന്നിവരെ പുറത്താക്കി ഇന്ത്യൻ ബൗളർമാർ കളിയിലേക്കു തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും 52 പന്തിൽ 47 റൺസടിച്ചു പുറത്താകാതെനിന്ന എലിസ് പെറി കിം ഗാർത്തിനെയും കൂട്ടുപിടിച്ച് 49 ഓവറിൽ ഓസ്ട്രേലിയയ്ക്കായി വിജയറൺസ് കുറിച്ചു.
ഇന്ത്യയ്ക്കായി ശ്രീചരണി മൂന്നും അമൻജ്യോത് കൗറും ദീപ്തി ശർമയും രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയ്ക്കായി സ്മൃതി മന്ദാന (80), പ്രതിക റാവല്‍ (75) എന്നിവർ അർധസെഞ്ചുറ നേടി. ഓസ്ട്രേലിയക്ക് വേണ്ടി അന്നാബെല്‍ സതര്‍ലാന്റ് അഞ്ചും സോഫി മൊളിനെക്സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ലോകകപ്പില്‍ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ കളിയിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റിരുന്നു. നാലു കളികളിൽ മൂന്നും വിജയിച്ച ഓസ്ട്രേലിയ ഏഴു പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ്. രണ്ടു വീതം വിജയവും തോൽവിയുമുള്ള ഇന്ത്യയാകട്ടെ നാലു പോയിന്റുമായി നാലാം സ്ഥാനത്താണ്.
Sports
വിശാഖപട്ടണം: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. സ്കോർ ഇന്ത്യ: 251/10 (49.5) ദക്ഷിണാഫ്രിക്ക് 252/7 ( 48.5). ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 252 റൺസ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്ക് ഏഴു പന്തും മൂന്നു വിക്കറ്റും കൈയിലിരിക്കെ മറികടന്നു.
രണ്ടാമത് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് തകർച്ചയോടെയായിരുന്നു തുടക്കം. സ്കോർ ബോർഡിൽ ആറു റൺസ് ആയപ്പോഴേക്കും തസ്മിൻ ബ്രിട്ട്സ് പൂജ്യത്തിനു പുറത്തായി. തുടർന്ന് വന്നവർക്ക് നിലയുറപ്പിക്കാൻ കഴിയാതെ വന്നതോടെ ഒരു ഘട്ടത്തിൽ 81/5 എന്ന നിലയിലായിരുന്നു.
ഓപ്പണർ ലോറ വോൾവാർട്ട് (70) നടൈൻ ഡി ക്ലെർക്ക് (84) എന്നിവർ കളം നിറഞ്ഞതോടെ കളി ഇന്ത്യയുടെ കൈയിൽ നിന്നും വഴുതിപ്പോയി. ക്ലോ ട്രയൺ (49) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി ക്രാന്തി ഗൗഡും സ്നേഹ് റാണയും രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 251 റൺസിന് എല്ലാവരും പുറത്തായി. അർധ സെഞ്ചുറി നേടിയ റിച്ച ഘോഷിന്റെ (94) ഒറ്റയാൾ പ്രകടനമാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്കെത്തിച്ചത്. 102 റൺസെടുക്കുന്നതിനിടെ ആറു വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ റിച്ച - അമന്‍ജോത് കൗര്‍ (13) സഖ്യമാണ് വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.
ഏഴാം വിക്കറ്റിൽ ഇവരും 51 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നാലെ റിച്ചയ്ക്കൊപ്പം സ്നേഹ് റാണ ക്രീസില്‍ (33) എത്തിയതോടെ സ്കോറിന്റെ വേഗം കൂടി. ഇരുവരും 53 പന്തില്‍ 88 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ദക്ഷിണാഫ്രിക്കയ്ക്കായി ചലോ ട്രിയൻ മൂന്നും മരിസെയ്ൻ കാപ്, നദിൻ ഡി ക്ലർക്ക്, നൊൻകുലുലെകോ മബ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
Kerala
കണ്ണൂർ: തളിപ്പറമ്പിലെ ഷോപ്പിംഗ് കോംപ്ലക്സിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമായെന്ന് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. 50 കടകൾ കത്തിനശിച്ചെന്നും തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുമായി 15 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന് കാരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും നഷ്ടപരിഹാരം പിന്നീട് കണക്കാക്കുമെന്നും കളക്ടർ അറിയിച്ചു.
കെട്ടിടങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്ന് പരിശോധിക്കും. രക്ഷാപ്രവർത്തനത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കി. 100 ഓളം കടകൾ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിലാണ് തീ പിടിച്ചത്. തീപിടിത്തത്തിൽ കോടികളുടെ നഷ്ടം സംഭവിച്ചെന്നും അധികൃതർ പറഞ്ഞു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പിടിച്ച ഉടൻ തന്നെ കടകളിലുണ്ടായവരെയും ജീവനക്കാരെയും ഒഴിപ്പിക്കാനായതിനാൽ ആളപായമുണ്ടായില്ല. സംഭവം നടന്ന് 15 മിനിറ്റിനുള്ളിൽ തന്നെ തളിപ്പറമ്പിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റ് എത്തിയെങ്കിലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ യൂണിറ്റുകളിലെ വെള്ളം തീർന്നതും തിരിച്ചടിയായി. തുടർന്ന് കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നായി കൂടുതൽ ഫയർ യൂണിറ്റുകൾ എത്തി. ടാങ്കർ ലോറികളിലും മറ്റും വെള്ളമെത്തിച്ച് ഫയർ എൻജിനുകളിലേക്ക് വെള്ളം നിറച്ചാണ് വീണ്ടും തീയണയ്ക്കൽ തുടർന്നതെന്ന് ജില്ലാ ഫയർഫോഴ്സ് മേധാവി അരുൺ ഭാസ്ക്കർ പറഞ്ഞു.
Kerala
തിരുവനന്തപുരം: തമിഴ്നാട് സർക്കാർ ലൈസന്‍സ് മരവിപ്പിച്ചതിനെ തുടർന്ന് ശ്രീശൻ ഫാര്‍മസ്യൂട്ടിക്കൽസിന്റെ കേരളത്തിലെ മരുന്ന് വിൽപ്പന നിരോധിച്ചെന്ന് മന്ത്രി വീണാ ജോർജ്. സ്ഥാപനത്തിനെതിരെ തമിഴ്നാട് ഡ്രഗ്സ് കണ്ട്രോളര് ആരംഭിച്ച നടപടികളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.
Respifresh TR, 60ml syrup, Batch. No. R01GL2523 എന്ന മരുന്നിന് ഗുണനിലവാരമില്ലെന്ന് ഗുജറാത്ത് ഡ്രഗ്സ് കണ്ട്രോളര് അറിയിച്ച സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് അഞ്ച് വിതരണക്കാരാണ് ഈ മരുന്ന് വിതരണം നടത്തുന്നത്.
അവർക്ക് മരുന്ന് വിതരണം നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ മരുന്ന് വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കൈവശമുള്ളവർ ഉപയോഗിക്കരുത്. ഈ മരുന്നുകൾ സർക്കാർ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.
അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിനു താഴെയുള്ള കുട്ടികൾക്ക് വേണ്ടി മരുന്ന് നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.
National
ന്യൂഡൽഹി: പാക്കിസ്ഥാൻ ടീമുമായി വനിതാ ലോകകപ്പിലും ഹസ്തദാനം നടത്തില്ലെന്ന് ബിസിസിഐ. ഏഷ്യാ കപ്പിൽ ഇന്ത്യൻ പുരുഷ ടീം ഹസ്തദാനം ഒഴിവാക്കിയതിന്റെ തുടർച്ചയായാണ് വനിതാ ഏകദിന ലോകകപ്പിലും ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനുമായി നടത്തില്ലെന്ന് ബിസിസിഐ അറിയിച്ചത്.
അഞ്ചിന് കൊളംബോയിലാണ് വനിതാ ലോകകപ്പിലെ ഇന്ത്യ - പാക്കിസ്ഥാൻ മത്സരം. ഈ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയുമായി ടോസിന്റെ സമയത്തോ പിന്നീടോ ഹസ്തദാനം നടത്തില്ല.
മാച്ച് റഫറിക്കൊപ്പമുള്ള ഫോട്ടോഷൂട്ടും ഉണ്ടാകില്ലെന്നു ബിസിസിഐ അറിയിച്ചു.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിലേക്ക്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ വിവേക് ജോഷി, എസ്.എസ്. സന്ധു എന്നിവർ ദ്വിദിന സന്ദർശനത്തിനായി ഇന്ന് പാറ്റ്നയിലെത്തും.
243 അംഗ ബിഹാർ നിയമസഭയുടെ കാലാവധി അടുത്തമാസം 22 ന് അവസാനിക്കുകയാണു. വിവിധ ഘട്ടങ്ങളിലായി ഈ മാസം അവസാനവും അടുത്തമാസം ആദ്യവുമായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് ധാരണ.
തീയതി പ്രഖ്യാപിക്കും മുന്‍പുള്ള സംസ്ഥാനസന്ദർശനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴ്വഴക്കങ്ങളിലൊന്നാണ്.